
അതുല്യയുടെ മരണത്തിൽ ദുരൂഹതയെന്ന് ഭർത്താവ്: ‘അതുല്യ തന്നെ മാനസികമായി പീഡിപ്പിച്ചു’; ഗുരുതര ആരോപണവുമായി സതീഷ്
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനീയറുമായ സതീഷ് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ച സതീഷ്, അതുല്യ തന്നെ നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നതായും വെളിപ്പെടുത്തി.ഞാൻ മുറിയിലേക്ക് എത്തുമ്പോൾ അതുല്യ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. അതേ ഫാനിൽ ഞാനും ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ, അതുല്യയുടെ മരണകാരണം വ്യക്തമാകുന്നത് വരെ ജീവനൊടുക്കില്ലെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.
ദുബായ് ജൂമൈറയിലെ കമ്പനിയിലാണ് ഞാൻ ജോലി ചെയ്യുന്നത്. തിരിച്ചുവരുമ്പോൾ രാത്രി എട്ടരയെങ്കിലുമാകും. ഇന്നലെ(ശനി) അതുല്യ ഷാർജ സഫാരി മാളിലെ ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. കഴിഞ്ഞ ദിവസം അവിടെ ഇന്ർവ്യൂവിന് ഞങ്ങളൊരുമിച്ചാണ് പോയത്. ഇക്കാര്യം ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു. അതുല്യക്ക് ജോലി സ്ഥലത്തേക്ക് പോകാനും വരാനും പാക്കിസ്ഥാനിയുടെ കാർ വാടകയ്ക്ക് ഏർപ്പാടാക്കിയിരുന്നു. കയ്യിൽ വയ്ക്കാൻ പൈസയും ക്രെഡിറ്റ് കാർഡും കൊടുത്തിരുന്നു.അവൾക്ക് വേണ്ടിയായിരുന്നു ഞാൻ ജീവിച്ചിരുന്നത്. എന്നാൽ അടുത്തിടെയായി അവൾ തനിക്ക് വേറെ ജീവിക്കണമെന്നും ഞാൻ ബെഡ് സ്പേസിലേക്ക് മാറിത്താമസിക്കുകയാണെന്നും പറഞ്ഞുകൊണ്ടിരുന്നു. നീ ജോലി ചെയ്തോളൂ, എന്നാലെന്തിനാണ് മാറിത്താമസിക്കുന്നത്, എനിക്ക് ആരുമില്ലെന്ന് ഞാനപ്പോൾ പറഞ്ഞു. സംഭവ ദിവസം അവധിയായതിനാൽ ഞാൻ ചെറുതായി മദ്യപിച്ച് ഭക്ഷണം കഴിച്ച് അജ്മാനിലെ സുഹൃത്തുക്കൾക്ക് പാർട്ടിക്ക് വിളിച്ചപ്പോൾ പോയതാണ്. ഇതിന് ശേഷം ഒട്ടേറെ തവണ എന്നെ വിളിച്ചെങ്കിലും പുറത്തുപോകുമ്പോൾ അത് പതിവുള്ളതിനാൽ ഞാൻ കട്ട് ചെയ്തു.
പിന്നീട് ബോട്ടിമിൽ വിളിച്ച് ഞാൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് തൂങ്ങിമരിക്കുന്നതുപോലെ കാണിച്ചു. ഞാൻ പെട്ടെന്ന് അത് കട്ട് ചെയ്ത് തിരികെ വന്നു. അപ്പോൾ ഫ്ലാറ്റിന്റെ വാതിൽ തുറന്നിരുന്നു. അതുല്യ ഫാനിൽ കുരുക്കിട്ട്, കാലുകൾ രണ്ടും തറയിൽ പതിക്കും വിധമായിരുന്നു ഉണ്ടായിരുന്നത്. ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന അതുല്യയുടെ സഹോദരി ഭർത്താവ് ഗോകുലിനെ പത്ത് പ്രാവശ്യമെങ്കിലും ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. ഒടുവിൽ എന്റെ കമ്പനിയധികൃതരെ വിളിച്ച് പറഞ്ഞ് അവരാണ് ഗോകുലിനെ ബന്ധപ്പെട്ടത്.
അതുല്യ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രണ്ടാമതും ഗർഭിണിയായിരുന്നു. പിന്നീട് നാട്ടിൽ പോയി എന്റെ അനുവാദമില്ലാതെ ഗർഭഛിദ്രം നടത്തി. അതിൽ വലിയ വിഷമമായിരുന്നു. മുപ്പത് വയസ്സ് കഴിഞ്ഞ താൻ പ്രമേഹരോഗിയാണെന്നും രണ്ടാമത്തെ കുട്ടിയും പെണ്ണായാൽ തന്റെ ജീവിതം ഇല്ലാതാകുമെന്നുമായിരുന്നു അതിന് കാരണം പറഞ്ഞത്. ഇതൊക്കെ ആരാണ് പഠിപ്പിച്ചുകൊടുത്തത് എന്നറിയില്ല. കൊല്ലത്തെ ഏതോ ആശുപത്രിയിൽ അവളുടെ അമ്മയുടെ കൂടെ ചെന്നായിരുന്നു ഗർഭം അലസിപ്പിച്ചത്. അതുല്യ കാരണം തനിക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ സാധിച്ചിരുന്നില്ലെന്നും സതീഷ് ആരോപിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി തന്റെ അമ്മയെ ഫോണിൽ വിളിക്കാൻ പോലും അതുല്യ അനുവദിച്ചിരുന്നില്ല. ഈ സംഭവത്തിന് ശേഷം ഞാനാകെ തകർന്നിരിക്കുകയാണ്. ഞാനാഹാരം പോലും കഴിച്ചിട്ടില്ല. ശരീരം തളരുകയാണ്. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്റെ ജോലി, ഭാവി ഇതേക്കുറിച്ചും വലിയ ആശങ്കയുണ്ട്.
വെള്ളിയാള്ച രാത്രിയാണ് ഷാർജയുടെ പ്രധാന കേന്ദ്രവും ജനസാന്ദ്രതയേറിയ നഗരപ്രദേസശവുമായ റോള പാർക്കിനടുത്തെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷി(30) കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് ഭർത്താവ് സതീഷിൽ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു.
മദ്യപിച്ച് മദോന്മത്തനായി പലതും കാണിക്കുന്ന സതീഷിനെ ഈ വിഡിയോയിൽ കാണാം. കൂടാതെ, അതുല്യയുടെ ശരീരത്തിൽ പലഭാഗത്തും സതീഷിൽ നിന്നേറ്റ പീഡനത്തിന്റെ തെളിവുകളുമുണ്ട്. സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കൾസ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപനാണെന്നും കുടിച്ചുകഴിഞ്ഞാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതിന് തെളിവായാണ് ഫോട്ടോകളും വിഡിയകളും ഇവർ സൂക്ഷിക്കുന്നത്.
മാസങ്ങളായി തുടരുന്ന ഇത്തരം മാനസികവും ശാരീരികവുമായ പീഡനങ്ങളും സഹിക്കയവയ്യാതെ അതുല്യ ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിന്മേൽ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നതിന് മുൻപേ യുവതി ജീവിതത്തോട് വിടപറഞ്ഞു. വർഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്.
നേരത്തെ ദുബായിലായിരുന്നു താമസം. ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ താമസിച്ച് നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്. നേരത്തെ മകളെ ഷാർജയിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ താമസിച്ച് പഠിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ചതിനാൽ തിരിക നാട്ടിലേയ്ക്ക് അയക്കുകയായിരുന്നു. ഷാർജ പൊലീസ് സതീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഭാര്യയുടെ മരണത്തിൽ സംശയമുണ്ടെന്ന് താൻ പൊലീസിനോട് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)