
അബ്ദുല്‍ റഹീം മോചനത്തിലേക്ക്; റിയാദ് കോടതി ഉത്തരവിട്ടത് 20 വര്‍ഷം തടവിന്, മോചനം അടുത്ത വർഷം
കൊലപാതക കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുല്‍ റഹീം മോചനത്തിലേക്ക്. റഹീം 20 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന് റിയാദ് കോടതി ഇന്ന് ഇത്തരവിട്ടു. എന്നാല്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിന് ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിച്ചാല്‍ മതി. അങ്ങനെ വരുമ്പോള്‍ അടുത്ത വര്‍ഷം ഡിസംബറോടെ റഹീമിന് മോചനമുണ്ടാകും.പബ്ലിക് റൈറ്റ് പ്രകാരമാണ് കോടതിയുടെ ഉത്തരവ്. വിധി ജഡ്ജി വാക്കാല്‍ പരാമര്‍ശിക്കുകയായിരുന്നു. കേസ് 12 തവണ മാറ്റിവെച്ചതിന് ശേഷമാണ് ഇന്ന് പരിഗണിച്ചത്. 34 കോടിയിലേറെ രൂപ ദയാധനം നല്‍കിയതിനെ തുടര്‍ന്ന് അബ്ദുറഹീമിന്റെ വധശിക്ഷ ഒഴിവാക്കിയെങ്കിലും പബ്ലിക് റൈറ്റ്‌സ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാക്കത്തതിനാലായിരുന്നു ഇതുവരെ മോചന കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നത്.18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അല്‍ ഖര്‍ജ് റോഡിലെ അല്‍ ഇസ്‌കാന്‍ ജയിലിലെത്തി അബ്ദുല്‍ റഹീമും മാതാവ് ഫാത്തിമയും ഈ ജനുവരിയില്‍ നേരില്‍ കണ്ടു സംസാരിച്ചിരുന്നു. അബ്ദുല്‍ റഹീം തന്റെ 26ാം വയസ്സില്‍ 2006-ലാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുല്‍ റഹ്‌മാന് അല് ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി.കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 2006 ഡിസംബര്‍ മുതല്‍ റഹീം ജയിലിലാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)