
എമിറേറ്റ്സ് ഡ്രോയിലൂടെ ഭാഗ്യദേവതയെത്തി; പ്രവാസി ഇന്ത്യക്കാരന് 225 കോടിയുടെ സമ്മാനം, മനുഷ്യസേവനമാണ് പ്രധാനമെന്ന് ശ്രീറാം
യുഎഇയിലെ നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരുടെ ഭാഗ്യം തുടരുന്നു. ഇത്തവണത്തെ ഏറ്റവും വലിയ ഭാഗ്യശാലി ചെന്നൈയിൽ താമസിക്കുന്ന മുൻ പ്രവാസിയായ 56 വയസ്സുകാരൻ ശ്രീറാം രാജഗോപാലനാണ്. എമിറേറ്റ്സ് ഡ്രോയുടെ മെഗാ7 ജാക്ക്‌പോട്ടിലൂടെ ഏകദേശം 225 കോടി രൂപ (100 ദശലക്ഷം ദിർഹം) ആണ് ഈ റിട്ടയേർഡ് എൻജിനീയർക്ക് ലഭിച്ചത്.പതിവുപോലെ ടിക്കറ്റ് എടുത്ത ശേഷം മൊബൈലിൽ കണ്ണടച്ച് തിരഞ്ഞെടുത്ത ഏഴ് നമ്പറുകളും ശരിയായതോടെ എമിറേറ്റ്സ് ഡ്രോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയിയായി ശ്രീറാം മാറി. ഈ വിജയം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും, നറുക്കെടുപ്പിന്റെ വിഡിയോ വീണ്ടും കണ്ട് സ്ക്രീൻഷോട്ട് എടുത്താണ് ഉറപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു. അമ്മ നൽകിയ വിലപ്പെട്ട ഒരു ഉപദേശമാണ് അദ്ദേഹം എപ്പോഴും ഓർക്കുന്നത് “ഒന്നും നടന്നില്ലെന്ന് കരുതി ഒരിക്കലും ഉപേക്ഷിക്കരുത്.”
തനിക്ക് ഇപ്പോൾ 70 ശതമാനം സന്തോഷവും 30 ശതമാനം ഭയവുമാണുള്ളതെന്ന് ശ്രീറാം പറയുന്നു. 1998ൽ സൗദി അറേബ്യയിലേക്ക് പോയ അദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. പ്രവാസ ജീവിതത്തിൽ കഷ്ടപ്പെട്ട് നേടിയ പണം കൊണ്ടാണ് അവരെ വളർത്തിയത്. 2023ൽ അദ്ദേഹം തിരികെ ഇന്ത്യയിലേക്ക് മടങ്ങി. ആരോഗ്യപ്രശ്നങ്ങളും രോഗബാധിതയായ അമ്മയുടെ പരിചരണവുമായി കഴിയുന്നതിനിടയിലും ഭാഗ്യത്തിൽ വിശ്വാസമുണ്ടായിരുന്നു. ഒരു ദിവസം ഭാഗ്യം കടാക്ഷിക്കുമെന്ന് ഉറച്ചു വിശ്വസിച്ചു. ഒരിക്കൽ ടിക്കറ്റ് എടുക്കാൻ വിട്ടുപോയാൽ ആ അവസരം നഷ്ടമാകുമെന്ന് അദ്ദേഹം കരുതി. ഇത്ര വലിയൊരു തുക എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ല.
ഈ നേട്ടം തന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള സ്വപ്നം കാണുന്നവർക്കുമുള്ള പ്രതീക്ഷയാണ്. പണം എന്തു ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, അതിൽ നിന്ന് നല്ലൊരു ശതമാനം ദാനം ചെയ്യണമെന്നത് മുൻപേ എടുത്ത തീരുമാനമാണ്. മനുഷ്യസേവനമാണ് ഏറ്റവും വലിയ കാര്യം. അർബുദം ബാധിച്ച കുട്ടികൾക്ക് സഹായം നൽകാൻ ആഗ്രഹമുണ്ട്. എങ്കിലും ഈ നേട്ടം തന്നിലെ വ്യക്തിയെ മാറ്റില്ലെന്ന് ശ്രീറാം ഉറപ്പിച്ചു പറയുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)