Posted By Editor Editor Posted On

ഞെട്ടിക്കുന്ന കണക്കുകൾ; കുവൈത്തിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്, സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

കുവൈത്തിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. നിലവിൽ കുവൈത്തിലെ ജനസംഖ്യയുടെ 20 ശതമാനം പേർക്ക് പ്രമേഹമുണ്ടെന്നും 2050 ആകുമ്പോഴേക്കും ഈ നിരക്ക് 30 ശതമാനമായി ഉയർന്നേക്കുമെന്നും ആരോഗ്യ വിദഗ്ദൻ ഡോ. അബ്ദുല്ല അൽ-കന്ദരി മുന്നറിയിപ്പ് നൽകി. സ്വിസ് എംബസിയും കുവൈറ്റ്-സ്വിസ് ബിസിനസ് പ്ലാറ്റ്‌ഫോമും ചേർന്ന് സംഘടിപ്പിച്ച “പ്രമേഹ ഗവേഷണം: ഒരു അന്താരാഷ്ട്ര പങ്കാളിത്തം” ശാസ്ത്ര സമ്മേളനത്തിലാണ് അദ്ദേഹം സംസാരിച്ചത്. സ്വിസ് അംബാസഡർ ടിസിയാനോ ബാൽമെല്ലി പരിപാടിക്ക് നേതൃത്വം നൽകി. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവുമധികം ഉയർന്ന നിരക്കാണ് കുവൈത്തിലുള്ളത്. തെറ്റായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി എന്നിവയാണ് പ്രധാന കാരണങ്ങൾ. ആരോഗ്യകരമായ ഭക്ഷണവും പതിവായ വ്യായാമവും രോഗം തടയാൻ സഹായിക്കുമെന്ന് ഡോ. അൽ-കന്ദരി പറഞ്ഞു. 40 വയസ്സിന് മുകളിലുള്ളവർ ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിൻ (HbA1c) അല്ലെങ്കിൽ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ പരിശോധന ചെയ്യണമെന്ന് അദ്ദേഹം ശുപാർശ ചെയ്തു. പരമ്പരാഗത വൈദ്യശാസ്ത്രം ഫലപ്രദമാണെങ്കിലും, ഡോക്ടർമാരുടെ നിർദ്ദേശങ്ങളും മരുന്നുകളും പ്രാഥമികമായി പിന്തുടരണമെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈത്തിൽ പ്രമേഹ രോഗികളുടെ എണ്ണം വർധിച്ചതിനൊപ്പം ചികിത്സാചെലവും ഗണ്യമായി ഉയർന്നിട്ടുണ്ട്. രോഗബാധിതർ ഉയരുന്നതിനിടെ, കുവൈത്ത് ഡയബറ്റിസ് അസോസിയേഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്യാമ്പുകളും ശിൽപശാലകളും രാജ്യത്തുടനീളം സംഘടിപ്പിച്ചുവരികയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *