
കുവൈത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നാലിടങ്ങളില്‍ പ്രവാസികളെ കൊള്ളയടിച്ച സ്വദേശി യുവാവ് ഒടുവില്‍ പിടിയില്‍
സുരക്ഷാ ജീവനക്കാരനെന്ന വ്യാജേന നാലിടങ്ങളില്‍ പിടിച്ചുപറി നടത്തിയ സ്വദേശി യുവാവ് ഒടുവില്‍ അറസ്റ്റില്‍. കുവൈറ്റ് പോലീസ് ‘അജ്ഞാത കുറ്റവാളി’യായി കണക്കാക്കി തിരച്ചില്‍ നടത്തുന്ന 33 വയസ്സുകാരനാണ് പിടിയിലായത്. ഇതോടെ ക്രിമിനല്‍ സുരക്ഷാ വിഭാഗം അന്വേഷിക്കുകയായിരുന്ന നാല് ക്രിമിനല്‍ കേസുകള്‍ക്ക് പരിഹാരമായി.ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇയാളുടെ പങ്കാളിത്തം തെളിയിക്കുന്നതിനായി ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും അന്വേഷണം പൂര്‍ത്തിയാകുകയും തടങ്കല്‍ കാലാവധി അവസാനിക്കുകയും ചെയ്താല്‍, അയാളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുമെന്നും പോലീസ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യാജ ഐഡി, പ്രതിയുടെ കുറ്റസമ്മത മൊഴികള്‍, ഇരകള്‍ പ്രതിയെ ശരിയായ തിരിച്ചറിഞ്ഞത് എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ ഇയാള്‍ക്കെതിരെ ശേഖരിച്ചിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി.ഹവല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി വേഷമിട്ട ഒരു വ്യക്തി പരിശോധനയ്ക്കായി തന്നെ തടഞ്ഞുവച്ച് കൊള്ളയടിച്ചതായി കാണിച്ച് ഒരു പ്രവാസി നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പോലീസിൻ്റെ ശ്രദ്ധയില്‍ വരുന്നത്. പ്രവാസിയെ തടഞ്ഞു നിര്‍ത്തി വ്യാജ ഐഡി കാണിച്ച ശേഷം പ്രവാസിയോട് ഇയാള്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.മൈ മൊബൈല്‍ ഐഡൻ്റിറ്റി ആപ്പ് വഴി തൻ്റെ ഐഡി കാര്‍ഡ് കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ പ്രതി, പ്രവാസിയുടെ പഴ്‌സ് കൈക്കലാക്കി അതിലെ തുകയും തട്ടിയെടുക്കുകയായിരുന്നു. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച പ്രവാസിയെ ആക്രമിച്ചാണ് പ്രതി രക്ഷപ്പെട്ടതെന്നും പോലിസ് പറഞ്ഞു.പരാതി ലഭിച്ചതിനു പുന്നാലെ കേസ് അന്വേഷിക്കുന്നതിനായി ഒരു പ്രത്യേക ടാസ്‌ക് ഫോഴ്സിന് ഉടന്‍ രൂപം നല്‍കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഇയാളുടേതെന്ന് സംശയിക്കുന്ന വാഹനം പിന്തുടര്‍ന്ന് തഞ്ഞു നിര്‍ത്തിയ പോലീസ്, ഏറ്റുമുട്ടലിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് ക്രിമിനല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെൻ്റ് ഓഫീസറുടെ വ്യാജ ഐഡി കാര്‍ഡ് പോലീസ് പിടിച്ചെടുത്തു.തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് സമാനമായ മറ്റു മൂന്നു കേസികളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് പിടിച്ചുപറി നടത്തിയതെന്നും മോഷ്ടിച്ച പണം വ്യക്തിപരമായ ചെലവുകള്‍ക്കായി ചെലവഴിച്ചതായും ഇയാള്‍ കുറ്റസമ്മതം നടത്തിയതായും പോലിസ് അറിയിച്ചു.ഹവല്ലി, ഖൈതാന്‍, ഫര്‍വാനിയ എന്നിവിടങ്ങളിലാണ് ഇയാള്‍ മറ്റു മൂന്നുപേരെ സമാനമായ രീതിയില്‍ കൊള്ളയടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയെ കുറിച്ച് നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംശയാസ്പദമായ സാഹചര്യങ്ങളില്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)