ഒന്‍പത് വയസുകാരിയെ കോമയിലാക്കിയ അപകടത്തില്‍ പ്രതിയായ ആളെ ഉടനെ നാട്ടിലെത്തിക്കാന്‍ ശ്രമം. വാഹനാപകടത്തില്‍ ഇന്‍ഷുറന്‍സ് തുക കൈപ്പറ്റിയ ശേഷം കാര്‍ ഒളിപ്പിച്ച് പ്രതി ദുബായിലേക്ക് കടന്നിരുന്നു. പ്രതി പുറമേരി മീത്തലെ പുനത്തില്‍ ഷെജീലിനെ (35) യാണ് നാട്ടിലെത്തിക്കാന്‍ അന്വേഷണസംഘത്തിന്‍റെ ശ്രമം. വിമാനത്താവളത്തില്‍ തെരച്ചില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 12 ദിവസത്തിനുള്ളില്‍ പ്രതിയെ നാട്ടിലെത്തിക്കും. അതിനുശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ കുറ്റപത്രം നൽകാനാണ് തീരുമാനം. റെഡ് കോര്‍ണര്‍ നോട്ടീസും അന്വേഷണസംഘം പുറപ്പെടുവിക്കും. കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി ഒൻപതോടെയാണ് ചോറോട് മേൽപാലത്തിന് സമീപം അപകടം ഉണ്ടായത്.
അപകടത്തിൽ തലശ്ശേരി മനേക്കര പുത്തലത്ത് ബേബി (68) മരിച്ചു. ഗുരുതരമായി പരിക്കേറ്റ പേരക്കുട്ടി ദൃഷാന (9) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോമയിൽ കഴിയുകയാണ്. ബസിറങ്ങി ദേശീയപാത കുറുകെ കടക്കുമ്പോൾ ഷെജീലും കുടുംബവും സഞ്ചരിച്ച കാർ വന്നിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ കാർ മീത്തലങ്ങാടിയിലെ ബന്ധു വീട്ടിലേക്ക് മാറ്റുകയും ചെയ്തു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ടതാണെന്നും പിന്നിട് കാര്‍ രൂപമാറ്റം വരുത്തിയെന്നും റൂറല്‍ എസ്പി പറഞ്ഞു. അന്ന് പൊലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn