കുവൈറ്റിലെ സർക്കാർ സ്ഥാപനങ്ങളിൽ സായാഹന ജോലി സമ്പ്രദായം ഏർപ്പെടുത്തുന്നതിനുള്ള എക്‌സിക്യൂട്ടീവ് നിയമങ്ങൾ പ്രഖ്യാപിച്ച് കുവൈറ്റ് ഭരണകൂടം. അടുത്ത വർഷം ജനുവരി മുതലാണ് ചില സർക്കാർ ഏജൻസികളിൽ രാവിലത്തെ ഷിഫ്റ്റിനു പുറമെ, വൈകുന്നേരം കൂടി ഓഫീസുകൾ പ്രവർത്തിക്കുക. 2025 ജനുവരി 5 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റിന്റെ സംസ്ഥാന തൊഴിൽ ഏജൻസിയായ സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.അതനുസരിച്ച്, സായാഹ്ന ഷിഫ്റ്റിലെ ജീവനക്കാരന്റെ ജോലി കാലയളവ് ഏഴ് മാസത്തിൽ കുറവായിരിക്കരുത് എന്നതാണ് നിർദ്ദേശങ്ങളിലൊന്ന്. അതായത് ഒരാൾ സായാഹ്ന ഷിഫ്റ്റിലേക്ക് മാറുന്നുവെങ്കിൽ ചുരുങ്ങിയത് ഏഴ് മാസം ആ ഷിഫ്റ്റിൽ ജോലി ചെയ്യാൻ സന്നദ്ധനായിരിക്കണം. ബന്ധപ്പെട്ട ഏജൻസിയുടെ അംഗീകാരത്തോടെയല്ലാതെ ഈ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് അത്തരമൊരു ജീവനക്കാരന് പ്രഭാത ഷിഫ്റ്റിലേക്ക് മടങ്ങാൻ കഴിയില്ല.ഓരോ സർക്കാർ ഏജൻസിക്കും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരത്തെ ജോലി ഷിഫ്റ്റ് നടപ്പിലാക്കുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളാനുള്ള അധികാരമുണ്ട്. എന്നാൽ യഥാർത്ഥ ജോലി സമയം പ്രതിദിനം നാലര മണിക്കൂർ എന്നതായിരിക്കും. സായാഹ്ന ഷിഫ്റ്റിലെ ജോലി സമയം 3.30 ന് മുമ്പ് ആരംഭിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.വൈകുന്നേരത്തെ ജോലി ഷിഫ്റ്റിലേക്ക് മാറുന്നതിന്, ജീവനക്കാരൻ ഇതുമായി ബന്ധപ്പെട്ട് ഓഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിക്കണം. ഈ അഭ്യർത്ഥന അംഗീകരിക്കുന്നത് ഡ്മിനിസ്‌ട്രേറ്റീവ് ഏജൻസിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. പൊതു താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക. വൈകുന്നേരങ്ങളിൽ ജോലിക്ക് നിയോഗിക്കപ്പെട്ടവരുടെ എണ്ണം, ഏജൻസിയുടെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ 30 ശതമാനത്തിൽ കവിയാൻ പാടില്ല. രാവിലത്തെ ഷിഫ്റ്റിലെ ജോലിയെ ബാധിക്കാത്ത വിധത്തിൽ മാത്രമേ സായാഹ്ന ഷിഫ്റ്റ് ക്രമീകരിക്കാവൂ എന്നും നിർദ്ദേശത്തിലുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn