സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനയുള്ള ദയാ ധന സമാഹരണം 30 കോടി രൂപ കടന്നു. ദയാധനം നൽകാൻ ഇനിയും മൂന്നു ദിവസം ബാക്കിനിൽക്കെയാണ് ലക്ഷ്യത്തോടടുക്കുന്നത്. ക്രൗഡ് ഫണ്ടിങ് നിശ്ചിത തുകയായ 34 കോടി അടുക്കാറായതോടെ സേവ് അബ്ദുല്‍ റഹീം ആപ്പിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഓഡിറ്റിങ്ങിനു വേണ്ടി ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നാണ് ആപ്പിൽ അറിയിച്ചിരിക്കുന്നത്. 4.30നുശേഷം സേവനം വീണ്ടും പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുവരെ 30,10,81,618 രൂപയാണ് ലഭിച്ചതെന്നാണ് വിവരം. ഓഫ്‌ലൈനായും വലിയ തോതിൽ ധനസമാഹരണം നടന്നിട്ടുണ്ട്. ഇത്തരത്തിൽ സമാഹരിച്ച തുക കൂടി എണ്ണിയ ശേഷമായിരിക്കും തുടർനടപടികളെന്നാണു ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്.
ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുൽ റഹീമാണ് 18 വർഷമായി റിയാദിലെ ജയിലില്‍ കഴിയുന്നത്. 2006ല്‍ തന്റെ 26ാം വയസ്സിലാണ് അബ്ദുല്‍ റഹീമിനെ സൗദിയിലെ ജയിലില്‍ അടച്ചത്. ഡ്രൈവര്‍ വിസയിലാണ് റഹീം ഇവിടെ എത്തിയത്. തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. ഫായിസിന് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡിയുമായ എം.എ യൂസഫലിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim