മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്.
സെർവിക്കൽ കാൻസർ മൂലം പൂനം പാണ്ഡെ മരിച്ചതായുള്ള വിവരം താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഇന്നലെയാണ് പുറത്തുവന്നത്. പൂനം പാണ്ഡെയുടെ മാനേജറുടെ പേരിലുള്ളതായിരുന്നു സന്ദേശം. എന്നാലിത് വ്യാജമായിരുന്നുവെന്നും സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള കാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തതായിരുന്നുവെന്നുമാണ് പൂനം പാണ്ഡെ ഇന്ന് അതേ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നേരിട്ട് പ്രത്യക്ഷപ്പെട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. വേദനിപ്പിച്ചതിന് മാപ്പെന്നും നടി വിശദീകരിച്ചു.
‘‘എല്ലാവർക്കും നമസ്കാരം, ഞാനുണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. എന്റെ മരണത്തെക്കുറിച്ച് ഉണ്ടാക്കിയത് വ്യാജവാർത്തയായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറച്ച് ചർച്ച നടന്നു’’ – അവർ വിഡിയോയിലൂടെ അറിയിച്ചു. മരണവാർത്ത മാനേജരെ അറിയിച്ച പൂനം പാണ്ഡെയുടെ സഹോദരിയെ ബന്ധപ്പെടാൻ സാധിക്കാതിരുന്നതോടെ നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് സൂചനകളുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങളും ശനിയാഴ്ച രാവിലെ വാർത്തകൾ നൽകിയിരുന്നു. ശനിയാഴ്ച രാവിലെ, പൂനം പാണ്ഡെയുടെ മുൻ ഭർത്താവ് സാം ബോംബെ മരണവർത്തയിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr