ദമാമിലെ കിഴക്കൻ പ്രവശ്യയിലെ തുഖ്ബയിൽ പണി നടക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. കഴിഞ്ഞ മൂന്നു വർഷമായി പണിപൂർത്തീകരിക്കാത്ത കെട്ടിടത്തിനകത്താണ് തൂങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മലയാളിയുടേതെന്നാണ് സൂചന. ഇതിന് സമീപത്തുനിന്ന് ലഭിച്ച ഇഖാമയുടേയും ലൈസൻസിന്‍റേയും അടിസ്ഥാനത്തിൽ രണ്ട് വർഷം മുമ്പ് തുഖ്ബയിൽനിന്ന് കാണാതായ തിരുവനന്തപുരം, വിഴിഞ്ഞം സ്വദേശി അനിൽ നായരുടേതാവുമെന്ന നിഗമനത്തിലാണ്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഈക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാവൂ. കേസിൽ പെട്ട് നിർമാണം നിലച്ചിരുന്ന കെട്ടിടത്തിൽ ആരും പരിശോധന നടത്തിയിരുന്നില്ല. നിർമാണം പുനരാരംഭിച്ചതിനെ തുടർന്ന് പണിക്കായി കഴിഞ്ഞ ദിവസം തൊഴിലാളികൾ എത്തിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. കൂടുതൽ പരിശോധനകൾക്കായി അസ്ഥികൂടം ഖത്വീഫ് ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി വളൻറിയർ മണിക്കുട്ടൻ പറഞ്ഞു.
2022 ജൂലായ് പന്ത്രണ്ടിനാണ് തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ സ്വദേശി അനിൽ നായരെ കാണാതായത്. സാമൂഹിക പ്രവർത്തകർ, ഇദ്ദേഹത്തിന്‍റെ മറ്റു സുഹൃത്തുക്കൾ അടക്കം നിരവധി പേർ ഇദ്ദേഹത്തിന്‍റെ തിരോധാനത്തെ കുറിച്ച് സാമൂഹ മാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും വാർത്തകൾ നൽകിയും സാമൂഹ്യ പ്രവർത്തകർ വഴി സൗദിയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് സ്റ്റേഷനുകളിലും ജയിലുകളിലും ആശുപത്രികളിലും അന്വേഷിച്ചെങ്കിലും വിവരവും ലഭിച്ചിരുന്നില്ല. ജവാസാത്ത് വഴി അന്വേഷണം നടത്തിയപ്പോൾ രാജ്യം വിട്ടിട്ടില്ലെന്നും വ്യക്തമായിരുന്നു. ഇദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് ഭാര്യ ഇന്ത്യൻ എംബസിയിലും നോർക്ക റൂട്സിലും പരാതി നൽകിയിരുന്നു. അസ്ഥികൂടത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ശാസ്ത്രീയ പരിശോധന പൂർത്തിയാകാതെ ഉറപ്പിക്കാൻ സാധിക്കില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr