കുവൈത്ത് സിറ്റി: കുവൈത്തിന്റെ യു.എൻ മനുഷ്യാവകാശ കൗൺസിൽ അംഗത്വം നിലവിൽ വന്നു. 2024 ജനുവരി ഒന്നു മുതൽ മൂന്ന് വർഷത്തേക്കാണ് അംഗത്വം. യു.എന്നിന്റെ സുപ്രധാന സംഘടനയിൽ അംഗമാകുന്നതിലൂടെ കുവൈത്ത് വിശിഷ്ടമായ പദവിയും അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നതായി വിദേശകാര്യമന്ത്രി ശൈഖ് സാലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് പറഞ്ഞു.
കൗൺസിലിൽ ഫലപ്രദമായ പങ്ക് നിർവഹിക്കാൻ കുവൈത്ത് താൽപര്യപ്പെടുന്നതായും കൂട്ടിച്ചേർത്തു. കുവൈത്തിന്റെ സന്തുലിതമായ വിദേശ നയത്തിന്റെ മറ്റൊരു നേട്ടമാണ് ഈ അംഗത്വം. ആഗോള തലത്തിൽ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ടും അറബ്, ഇസ്ലാമിക ആവശ്യങ്ങൾക്കും വേണ്ടി ശബ്ദമുയർത്താൻ ഇത് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും ശൈഖ് സാലിം പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് യു.എൻ ജനറൽ അസംബ്ലി മനുഷ്യാവകാശ കൗൺസിലിലേക്ക് കുവൈത്തിനെയും മറ്റ് 14 രാജ്യങ്ങളെയും തിരഞ്ഞെടുത്തത്. കുവൈത്ത്, അൽബേനിയ, ബ്രസീൽ, ബൾഗേറിയ, ബുറുണ്ടി, ചൈന, ഐവറി കോസ്റ്റ്, ക്യൂബ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഫ്രാൻസ്, ഘാന, ഇന്തോനേഷ്യ, ജപ്പാൻ, മലാവി, നെതർലൻഡ്സ് എന്നിവയാണ് മറ്റു രാജ്യങ്ങൾ.
ആഗോളതലത്തിൽ മനുഷ്യാവകാശവും മൗലിക സ്വാതന്ത്ര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഉത്തരവാദിത്തം വഹിക്കുന്ന യു.എന്നിന്റെ പ്രീമിയർ റൈറ്റ്സ് ബോഡിയാണ് മനുഷ്യാവകാശ കൗൺസിൽ. 2006ൽ രൂപവത്കരിച്ച കൂട്ടായ്മയിൽ 47 അംഗരാജ്യങ്ങളെ ഉൾക്കൊള്ളുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr