കുവൈത്തിൽ വിദേശികൾക്ക് കുടുംബ വിസ നൽകുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ തന്നെ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിൽ നിന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി പാർലമെന്റ് അംഗം അബ്ദുൽ വഹാബ് അൽ ഈസ പ്രസ്ഥാവിച്ചു. കുവൈത്ത് പാർലമെന്റ് സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പ്രസ്ഥാവിച്ചത്. വിദേശികളുടെ പുതിയ താമസ നിയമം അടുത്ത സമ്മേളനത്തിൽ അവതരിപ്പിച്ചു അംഗീകാരം ലഭിച്ച ശേഷം വിദേശികൾക്ക് കുടുംബ വിസ നൽകുന്നത് പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഇതോടെ രാജ്യത്തെ റിയാൽ എസ്റ്റേറ്റ് മേഖല വീണ്ടും സമ്പുഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുടുംബം കൂട്ടിനില്ലാത്ത നിലക്ക് വിദേശികൾ കൂടുന്നത് നിരവധി സാമൂഹിക , സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകും .ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പാർലമെന്റിലെ ബിസിനസ് എൻവയോൺമെന്റ് ഇംപ്രൂവ്‌മെന്റ് കമ്മിറ്റി ചെയർമാൻ കൂടിയായ എം പി പറഞ്ഞു .ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ മന്ത്രിക്ക് കാര്യം ബോധ്യപ്പെട്ടിട്ടുണ്ട് . പാർലമെന്റിന്റെ അടുത്ത സെഷനിൽ പുതിയ റസിഡൻഷ്യൽ നിയമങ്ങളുമായി ബന്ധപ്പെട്ട ചർച്ച പ്രധാന അജണ്ടയാണ് .അതിനു ശേഷം കുടുംബ വിസ പൂർണമായി പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. വാണിജ്യ ,ഉത്പാദന മേഖലകളിൽ വിദഗ്ദരായ വിദേശികൾക്ക് കുടുംബ വിസ അനുവദിക്കാതിരുന്നാൽ ഇക്കാര്യത്തിൽ ഉദാര സമീപനം കാണിക്കുന്ന മറ്റു ജി. സി .സി രാജ്യങ്ങളെ അവർ ആശ്രയിക്കാൻ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ എന്നും അദ്ദേഹം പറഞ്ഞു. 2021 ജൂൺ മാസത്തിലാണ് രാജ്യത്ത് വിദേശികൾക്ക് കുടുംബ വിസ നൽകുന്നത് നിർത്തി വെച്ചത്.ഇതിനു ശേഷം ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതി പ്രകാരം ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമാണ് കുടുംബ വിസ അനുവദിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz