ദുബൈ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കിൽ ഇളവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. രണ്ടു ദിവസത്തേക്കാണ് ഓഫർ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസിൽ ഇന്നും നാളെയും (ഡിസംബർ 2,3) ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ്സ് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 15% ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ രണ്ടാം തീയതി മുതൽ അടുത്ത വർഷം മാർച്ച് 31 വരെയുളള യാത്രകൾക്കുളള ടിക്കറ്റുകൾ ഡിസ്കൗണ്ടോടെ ബുക്ക് ചെയ്യാമെന്നും ഇന്ത്യ എക്സ്പ്രസ്സിന്റെ അറിയിപ്പിൽ പറയുന്നു. അതേസമയം ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് വൻ ഇളവ് പ്രഖ്യാപിച്ചിരുന്നു. ‘ക്രിസ്മസ് കംസ് ഏർലി’ എന്ന പുതിയ ഓഫറിലൂടെയാണ് വിമാന ടിക്കറ്റുകൾക്ക് 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബർ 30 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ബാധകം. ഡിസംബർ രണ്ടു മുതൽ അടുത്ത വർഷം മെയ് 30 വരെയുള്ള യാത്രകൾക്കായുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. എയർലൈന്റെ മൊബൈൽ ആപ്പിലും വെബ്‌സൈറ്റായ airindiaexpress.com ലും ലോഗിൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ എക്‌സ്പ്രസ് എഹെഡ് സേവനങ്ങളും സീറോ കൺവീനിയൻസ് ഫീ സൗകര്യവും അധികമായി ലഭിക്കും. ബെംഗളൂരു- കൊച്ചി, ബെംഗളൂരു-കണ്ണൂർ, ബെംഗളൂരു-മാംഗ്ലൂർ, ബെംഗളൂരു-തിരുവനന്തപുരം, ചെന്നൈ- തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം, ബെംഗളൂരു-തിരുച്ചിറപ്പള്ളി എന്നീ റൂട്ടുകളിൽ എയർലൈൻ മികച്ച ഓഫറുകളാണ് നൽകുന്നത്. ഹൈദരാബാദിനെ കൊച്ചി, ലഖ്‌നൗ, അമൃത്സർ എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകളും വിമാന കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. അന്തർദ്ദേശീയ വിമാനടിക്കറ്റുകൾക്കും ഇളവ് ലഭിക്കുന്നത് പ്രവാസികൾക്കും ആശ്വാസമാണ്. ടാറ്റ ന്യൂപാസ് റിവാർഡ്‌സ് പ്രോഗ്രാമിലെ അംഗങ്ങൾക്ക് ഭക്ഷണം, സീറ്റുകൾ, ബാഗേജുകൾ, ടിക്കറ്റ് മാറ്റം, റദ്ദാക്കൽ ഫീസ് ഇളവുകൾ എന്നിവ പോലുള്ള എക്‌സ്‌ക്ലൂസീവ് മെമ്പർ ആനുകൂല്യങ്ങൾക്ക് പുറമേ എട്ടു ശതമാനം വരെ ന്യൂകോയിൻസും ലഭിക്കും. ലോയൽറ്റി അംഗങ്ങൾക്ക് പുറമേ വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, ആശ്രിതർ, സായുധ സേനാംഗങ്ങൾ എന്നിവർക്കും airindiaexpress.comൽ പ്രത്യേക നിരക്കുകൾ ലഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz