മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. കുന്നമംഗലം gold smuggling സ്വദേശി ഷബ്‌നയാണ് അറസ്റ്റിലായത്. 1.17 കോടി രൂപ വിലമതിക്കുന്ന 1884 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചതിനാണ് ഇവർ പിടിയിലായത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇവർ വിമാനത്താവളത്തിന് പുറത്തെത്തിയെങ്കിലും പോലീസ് പരിശോധനയിലാണ് ഇവർ പിടിയിലായത്. ചൊവ്വാഴ്ച 6.30-ന് ജിദ്ദയിൽനിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഷബ്‌ന കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. വസ്ത്രത്തിനുള്ളിൽ മിശ്രിതരൂപത്തിലാണ് ഇവർ സ്വർണം ഒളിപ്പിച്ചിരുന്നത്. വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ ഷബ്‌ന, പുറത്ത് പോലീസ് ഉണ്ടെന്ന് മനസ്സിലാക്കി കൈവശമുണ്ടായിരുന്ന സ്വർണം ഹാൻഡ് ബാഗിലേക്ക് മാറ്റുകയും പിന്നീട് കാറിന്റെ ഡോർ പോക്കറ്റിൽ ബാഗ് നിക്ഷേപിക്കുകയുമായിരുന്നു. സ്വർണക്കടത്തിനെ കുറിച്ച് പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷബ്‌നയെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും തന്റെ പക്കൽ സ്വർണം ഉള്ളതായി ഇവർ സമ്മതിച്ചില്ല. ഏറെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ചോദ്യം ചെയ്യലിൽ തന്റെ കയ്യിൽ ഒന്നുമില്ലെന്ന് ഇവർ വാദിച്ചു. വിദഗ്‌ധമായി കസ്റ്റംസിനെ പറ്റിച്ചത് പോലെ പോലീസിനെയും പറ്റിക്കാമെന്ന് ഷബ്‌ന കരുതി. വാഹനത്തിലേക്ക് കയറാനുള്ള ഷബ്‌നയുടെ ധൃതി കണ്ടതോടെ പൊലീസിന് സംശയം കൂടി, ഇവർ യുവതിയുടെ കാർ വിശദമായി പരിശോധിച്ചു. ഇതിനിടെ കാറിന്റെ ഡോറിനരികിൽ സ്വർണം വച്ചതായി കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത സ്വർണ്ണം പോലീസ് കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5