ലോസ് ഏഞ്ചൽസ്: വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരന്റെ പരാക്രമം flight. ലോസ് ഏഞ്ചൽസിൽ നിന്ന് ബോസ്റ്റണിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് അതിക്രമം നടന്നത്. സംഭവത്തിൽ മസാച്യുസെറ്റ്‌സിലെ ലിയോമിൻസ്റ്ററിൽ നിന്നുള്ള 33-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രാൻസിസ്‌കോ സെവേറോ ടോറസാണ് പിടിയിലായത്. ഇയാൾ യാത്രക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ക്യാബിൻ ക്രൂ അംഗത്തിന്റെ കഴുത്തിൽ കുത്താൻ ശ്രമിക്കുകയും ചെയ്തു. ലാൻഡിംഗിന് ഏകദേശം 45 മിനിറ്റ് മുമ്പ്, വിമാനത്തിന്റെ ഒരു വശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചതായി ജീവനക്കാർക്ക് കോക്ക്പിറ്റിൽ അലാറം ലഭിച്ചു. പരിശോധനയിൽ, എമർജൻസി വാതിലിന്റെ ലോക്കിംഗ് ഹാൻഡിൽ നീക്കിയതായും എമർജൻസി സ്ലൈഡ് ലിവർ സ്ഥാനം മാറിയതായും കണ്ടെത്തി. സംഭവം വിമാന ജീവനക്കാരൻ ക്യാപ്റ്റനെയും വിമാന ജീവനക്കാരെയും അറിയിച്ചു. വാതിലിനടുത്തുള്ള ടോറസാണ് വാതിൽ തുറക്കാൻ ശ്രമിച്ചതെന്ന് അറ്റൻഡന്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യം ചോദിച്ചതോടെ ടോറസ് പ്രകോപിതനായി. താൻ വാതിൽ തുറന്നതിന് തെളിവുണ്ടോ എന്ന് ചോദിക്കുകയും ക്യാമ്പിൻ ക്രൂ അംഗത്തെ ഇയാൾ പരിക്കേൽപ്പിക്കുകയും ചെയ്തു. മെറ്റൽ സ്പൂൺ ഉപയോഗിച്ചാണ് ഇയാൾ ജീവനക്കാരന്റെ കഴുത്തിന് കുത്തി പരിക്കേൽപ്പിച്ചത്. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ കീഴടക്കി.തിങ്കളാഴ്ച വൈകുന്നേരം ബോസ്റ്റൺ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിലാണ് അക്രമി പിടിയിലായത്. ഇയാളെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി മജിസ്‌ട്രേറ്റ് ജഡ്ജ് ഡെയ്‌നിന് മുമ്പാകെ ഹാജരാക്കി. മാർച്ച് 9 ന് വിചാരണ തുടങ്ങും. അപകടകരമായ ആയുധം ഉപയോഗിച്ചതിനും ഫ്ലൈറ്റ് ക്രൂ അംഗങ്ങളുമായും അറ്റൻഡന്റുകളുമായും തർക്കത്തിൽ ഏർപ്പെട്ടതിനും ജീവപര്യന്തം വരെ തടവും 250,000 ഡോളർ വരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണ് ടോറസ് ചെയ്തത്. അതോടൊപ്പം തന്നെ ഈ പ്രവർത്തിയുടെ ഫലമായി വിമാനക്കമ്പനി ടോറസിന് ആജീവനാന്ത വിമാനയാത്രാ വിലക്ക് ഏർപ്പെടുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue