കുവൈറ്റ് മന്ത്രിസഭയുടെ രാജി സ്വീകരിച്ചതായി കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉത്തരവിറക്കി. ഒരു മാസം മുൻപ് സമർപ്പിച്ച രാജിക്കത്ത് ഇന്നലെയാണ് സ്വീകരിച്ചത്. അടുത്ത സർക്കാർ രൂപീകരിക്കുന്നത് വരെ കെയർ ടേക്കറായി തുടരാൻ അമീർ നിർദ്ദേശിച്ചു. കിരീടാവകാശിക്ക് കുവൈറ്റ് മന്ത്രിസഭയുടെ രാജി സ്വീകരിക്കാനോ, തള്ളാനോ ഉള്ള അധികാരം നൽകുന്ന ഉത്തരവ് കഴിഞ്ഞ നവംബറിൽ അമീർ ഷെയഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബ പുറപ്പെടുവിച്ചിരുന്നു. 2019 ഡിസംബറിലാണ് ഷെയ്ഖ് സബാഹ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. പിന്നീട് അവിശ്വാസ പ്രമേയത്തെ തുടർന്ന് മൂന്നു തവണ രാജി വയ്ക്കുകയും പിന്നീട് പുതിയ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തിരുന്നു. 2021 ഡിസംബറിലാണ് നിലവിലെ മന്ത്രിസഭ രൂപീകരിച്ചത്. പ്രധാനമന്ത്രിക്കെതിരെ ഏപ്രിൽ അഞ്ചിന് പാർലമെന്റിൽ നടക്കാനിരുന്ന അവിശ്വാസ പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പിനു മുന്നോടിയായി ഏപ്രിൽ നാലിനാണ് രാജിക്കത്ത് സമർപ്പിച്ചത്. പ്രതിപക്ഷത്തു നിന്നുള്ള മൂന്ന് അംഗങ്ങളെ കൂടി രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പ്രശ്നത്തിന് പരിഹാരം ആകാത്തതിനെ തുടർന്നാണ് രാജി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/F01ELZ6DHGILPoqh1fXNmd