കുവൈറ്റ്: കുവൈറ്റില്‍ റമദാന്‍ അവധിക്ക് ശേഷം ഭക്ഷ്യ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള തീരുമാനം വാണിജ്യ, വ്യവസായ മന്ത്രാലയം റദ്ദാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കാലയളവില്‍ ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് അവലോകനം നടത്തുകയും അത് പുനഃപരിശോധിക്കേണ്ടതുണ്ടെന്ന നിഗമനത്തില്‍ എത്തുകയും ചെയ്യുകയായിരുന്നു. കുവൈറ്റില്‍ ആവശ്യ വസ്തുക്കളുടെ വില വര്‍ദ്ധനവ് തടയുക എന്ന ലക്ഷ്യത്തോടെയാണു ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളുടെ വില നിശ്ചയയിച്ച് കൊണ്ട് വാണിജ്യ മന്ത്രാലയം നേരത്തെ തീരുമാനം എടുത്തത്.
കുവൈറ്റില്‍ അടുത്തയിടെ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ വാണിജ്യ മന്ത്രി ഫഹദ് അല്‍ ഷാരിയാനുമായി ബന്ധപ്പെട്ടിരുന്നു. ആഗോള വിപണിയില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് മന്ത്രിയെ ബോധ്യപ്പെടുത്തുകയും വില നിരക്കില്‍ അടിസ്ഥാനപരമായ ക്രമീകരണങ്ങളിലേക്ക് നയിച്ചതായി ഫുഡ് സപ്ലൈ കമ്പനികള്‍ വ്യക്തമാക്കുകയും ചെയ്തു. അതേ സമയം വില നിശ്ചയിക്കാനുള്ള തീരുമാനം തുടരുകയാണെങ്കില്‍ കുവൈത്തിലേക്ക് ഭക്ഷ്യോത്പന്നങ്ങളുടെ ഒഴുക്ക് തുടരുന്നത് ഉറപ്പാക്കുന്നതിനുള്ള ബുദ്ധിമുട്ട് എല്ലാ വിതരണക്കാരും തുറന്ന് പറഞ്ഞു. യഥാര്‍ഥ വില പരിഗണിക്കുമ്പോള്‍ വിതരണക്കാര്‍ക്ക് ചെലവ് വ്യത്യാസം പരിഹരിക്കാന്‍ അവരുടെ അക്കൗണ്ടില്‍ നിന്ന് തുക ചെലവാക്കേണ്ടി വരികയാണ്. കുവൈറ്റ് വിപണിയില്‍ 20 ശതമാനംവരെയുള്ള വില വ്യത്യാസം കാരണം കുവൈറ്റില്‍നിന്ന് മറ്റ് വിപണികളിലേക്കുള്ള ചരക്കുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതായി വൃത്തങ്ങളും പറഞ്ഞു.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu