2022 ജനുവരിയിലെ ആദ്യ 11 ദിവസത്തിനുള്ളിൽ കുവൈത്തില്‍ നിന്ന് നാടുകടത്തിയത് 607 പ്രവാസികളെ. നാടുകടത്തപ്പെട്ടവരില്‍ 340 പേര്‍ പുരുഷന്മാരും 267 പേര്‍ സ്‍ത്രീകളുമാണ്. വിവിധ നിയമലംഘനങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സുരക്ഷാ ഏജന്‍സികളുടെ പിടിയിലായവരാണിവര്‍. ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കറക്ഷണന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് , ഡീപോര്‍ട്ടേഷന്‍ ആന്റ് ടെമ്പററി അറസ്റ്റ് അഫയേഴ്‍സ് എന്നീ വകുപ്പുകള്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടയില്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറക്കുകയും വിമാന യാത്രകള്‍ പുനഃസ്ഥാപിക്കുകയും ചെയ്‍തതിന് പിന്നാലെ കുവൈത്തില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടങ്ങിയിരുന്നു. പ്രവാസികളുടെ താമസം ഉള്‍പ്പെടെയുള്ളവ സംബന്ധമായ നിയമങ്ങളും അതത് സമയങ്ങളിലെ ഉത്തരവുകളും അടിസ്ഥാനമാക്കിയാണ് പരിശോധനകള്‍ നടത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതെന്നും വിശദീകരിച്ചിട്ടുണ്ട്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാനും എത്രയും വേഗം നിയമനടപടികള്‍ പൂര്‍ത്തിയാക്കി അവരെ രാജ്യത്തുനിന്ന് പുറത്താക്കാനും സുരക്ഷാ ഏജന്‍സികള്‍ കാണിക്കുന്ന കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. അതേസമയം നിയമ ലംഘകരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വമേധയാ പിഴയടച്ച് രാജ്യം വിടാനാവും. ഇവര്‍ക്ക് മറ്റൊരു വിസയില്‍ തിരികെ വരികയും ചെയ്യാം. എന്നാല്‍ അധികൃതരുടെ പരിശോധനയില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കുവൈത്തില്‍ പിന്നീട് വിലക്കേര്‍പ്പെടുത്തും. മറ്റ് ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിക്കാനും ഇവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് വിലക്കുണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്. വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/GhRU3BfvxTa92p8QiTy4H7
