കുവൈത്ത് സിറ്റി∙ ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതിനാൽ കുവൈത്തിൽ നിർമാണ പദ്ധതികൾവൈകുന്നതായി റിപ്പോർട്ട് . സർക്കാർ മേഖലയിൽ നടപ്പാക്കേണ്ട പല പദ്ധതികളും നടപ്പാക്കുന്നതിന് കരാർ ലഭിച്ച കമ്പനികൾ തൊഴിലാളികളെ എത്തിക്കാനാകാത്തത് കാരണം പണി തുടങ്ങാൻ പ്രയാസപ്പെടുകയാണ്.പദ്ധതിയുടെ കരാർ ലഭിക്കുന്നതിനൊപ്പം വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള അനുമതിയും ലഭിക്കുന്നുണ്ട്. എന്നാൽ കോവിഡ് സാഹചര്യത്തിൽ റിക്രൂട്ട്മെന്റ് പഴയത് പോലെ എളുപ്പമല്ല. കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നതാധികാര സമിതിയുടെ ശുപാർശ കൂടി ലഭ്യമായാലാണ് റിക്രൂട്ട്മെന്റിന് അനുമതി ലഭിക്കുക. റിക്രൂട്ട്മെന്റ് നടത്തിയാലും വീസ ലഭ്യമാകുന്നതിനുൾപ്പെടെ നിലവിൽ പ്രയാസമുണ്ട്. എല്ലാംകൊണ്ടും ആവശ്യമായ തൊഴിലാളികൾ കുവൈത്തിൽ എത്തുന്നതിന് കാലതാമസമുണ്ടാകുന്നു.കരാർ ലഭിച്ച പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കുക എന്നത് കരാർ നേടിയ കമ്പനികളുടെ ഉത്തരവാദിത്തമാണ്. അല്ലാത്തപക്ഷം പിഴയുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടതായും വരും.തങ്ങളുടേതല്ലാത്ത കാരണത്താൽ റിക്രൂട്ട്മെന്റ് വൈകുകയും തൊഴിലാളികളെ കുവൈത്തിൽ എത്തിക്കാനാകത്ത സാഹചര്യമാണ് ഉടലെടുത്തിട്ടുള്ളത് എന്നതിനാൽ പിഴ പോലുള്ള നടപടികൾ ഉണ്ടാകില്ലെന്ന വിശ്വാസമാണ് കരാർ കമ്പനികൾക്കുള്ളത്. എങ്കിൽതന്നെ ദിവസം കഴിയുന്തോറും ചെലവിനത്തിലുണ്ടായേക്കാവുന്ന വർധന കരാർ കമ്പനികൾക്ക് ആശങ്ക സമ്മാനിക്കുന്നുണ്ട് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
