മലപ്പുറം: കേരളത്തിൽനിന്ന് സ്വകാര്യ ഏജന്റുമാർ വഴി കുവൈത്തിലെത്തിയ ഒരു കൂട്ടം യുവതികളുടെ ദുരിത ജീവിതത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിൽ വാർത്ത വന്നിരുന്നു flat. ഇതിന് പിന്നാലെ ഈ സ്ത്രീകളെ നേരത്തെ പാർപ്പിച്ചിരുന്ന കുവൈത്തിലെ ഹാവാലിയിലുള്ള ഫ്ളാറ്റിൽനിന്ന് മറ്റൊരിടത്തേക്ക് മാറ്റിയതായി വിവരം. ഇവരുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള വാർത്ത വന്നതിന് അടുത്ത ദിവസമാണ് മുഴുവൻ സ്ത്രീകളെയും ഫ്ലാറ്റിൽ നിന്നും ഒഴിപ്പിച്ചത്. നിലവിൽ ഇവരെ എല്ലാവരെയും ഏത് സ്ഥലത്തേക്കാണ് കൊണ്ടു പോയതെന്ന വിവരം ലഭ്യമല്ലെന്ന്
ഇവരിൽനിന്ന് രക്ഷപ്പെട്ട സ്ത്രീ പറഞ്ഞു. മലപ്പുറം സ്വദേശിയായ ഷഫീർ എന്ന ഏജന്റാണ് ഫ്ളാറ്റിന്റെ ഉടമ. എന്നാൽ ഈ വാർത്ത പുറത്തായതോടെ ഇയാൾ ഫോൺനമ്പർ മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സ്ത്രീകളെ എങ്ങോട്ടാണ് മാറ്റിയതെന്നത് സംബന്ധിച്ച ഒരു വിവരവും ലഭ്യമല്ല. ഇയാൾക്ക് കുവൈത്തിൽത്തന്നെ അൽപ്പം അകലെയായി ഒരു നഴ്‌സിങ് ഹോം ഉണ്ടെന്നും എല്ലാവരേയും അങ്ങോട്ടായിരിക്കും മാറ്റിയതെന്ന് സംശയമുണ്ടെന്നും രക്ഷപ്പെട്ട സ്ത്രീകൾ പറയുന്നു. രണ്ടാഴ്ചമുമ്പ് ഈ ഫ്‌ളാറ്റിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ സ്ത്രീകൾ മനസ്സ് തുറന്നതോടെയാണ് ദുരിത കഥ പുറം ലോകം അറിയുന്നത്. കേരളത്തിലെ അംഗീകാരമില്ലാത്ത ഏജന്റുമാർ മുഖേന പോയ ഒരു വിഭാഗം സ്ത്രീകളാണ് ഈ ദുരിതത്തിൽ അകപ്പെട്ടത്. വിസയ്ക്കും ടിക്കറ്റിനും പണം വേണ്ടെന്ന വാഗ്ദാനമാണ് പലരെയും ഈ ഏജന്റുമാർ മുഖേന കുവൈത്തിലേക്ക് എത്താൻ പ്രേരിപ്പിച്ചത്. പാവപ്പെട്ട കുടുംബത്തിൽപ്പെട്ട സ്ത്രീകളാണ് തട്ടിപ്പിന് ഇരായായവരിൽ ഭൂരിഭാഗവും. കുവൈത്തിൽ എത്തിച്ച് ഇവരെ തടവിലാക്കുകയും ആവശ്യത്തിന് ഭക്ഷണമോ ചികിത്സയോ കൊടുക്കാതെ തിങ്ങിനിറച്ച് ഒരു ഫ്ലാറ്റിൽ താമസിപ്പിക്കുകയുമായിരുന്നു. ഇവരെ അറബികൾ വീട്ടുജോലിക്കു കൊണ്ടുപോകുമ്പോൾ ഏജന്റുമാർ വൻസംഖ്യ കൈപ്പറ്റിയിരുന്നെന്നും എന്നാൽ സ്ത്രീകൾക്ക് തുച്ഛമായ പണമാണ് കിട്ടിയതെന്നുമാണ് ഇവർ പറയുന്നത്. പറഞ്ഞ സമയത്തേക്കാൾ ജോലി ചെയ്യേണ്ടി വരികയും കുറഞ്ഞ ശമ്പളം ലഭിക്കുകയും കൊടിയ പീഡനവും സഹിക്കാനാവാതായതോടെയാണ് ചില സ്ത്രീകൾ കെ.എം.സി.സിയുടെ സഹായത്തോടെ നാട്ടിലെത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/InPjY2UwrytEkCSbcaGJdl