
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഗൾഫ് മേഖലയിലെ സിബിഎസ്ഇ വിദ്യാർഥികളുടെ പരീക്ഷാ കലണ്ടറിനെയും ബാധിച്ചു. മാസങ്ങളോളം തയ്യാറെടുപ്പുകൾ പൂർത്തിയാക്കി പരീക്ഷാ ഹാളിലേക്ക് കടക്കാനിരുന്ന പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർഥികൾക്ക് പരീക്ഷകൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തെന്ന വാർത്തയാണ് ലഭിച്ചത്. ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമായതിനെ തുടർന്നാണ് ഈ തീരുമാനം. പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ പൂർണമായും റദ്ദാക്കിയപ്പോൾ, പന്ത്രണ്ടാം ക്ലാസിലെ ബാക്കി പരീക്ഷകൾ നിലവിൽ മാറ്റിവച്ചിരിക്കുകയാണ്. പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഇന്റേണൽ അസസ്മെന്റുകളും മുമ്പ് നടത്തിയ പരീക്ഷകളിലെ പ്രകടനവും അടിസ്ഥാനമാക്കി പുതിയ മൂല്യനിർണയ രീതിയിൽ ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. അതേസമയം സാഹചര്യം സാധാരണമായാൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ പിന്നീട് നടത്താനാണ് ബോർഡിന്റെ തീരുമാനം. യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ എല്ലാ സിബിഎസ്ഇ സ്കൂളുകൾക്കും ഈ നിർദേശം ബാധകമാണ്.
പരീക്ഷാ ക്രമീകരണങ്ങളിൽ ഉണ്ടായ അപ്രതീക്ഷിത മാറ്റം വിദ്യാർഥികളിൽ മാനസിക സമ്മർദ്ദം സൃഷ്ടിച്ചിരിക്കുകയാണ്. പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന പലരും ഇപ്പോൾ അനിശ്ചിതത്വത്തിലാണെന്ന് രക്ഷിതാക്കൾ പറയുന്നു. പരീക്ഷാ സമയക്രമത്തിലെ മാറ്റം അധ്യാപകരെയും ആശങ്കയിലാക്കിയിട്ടുണ്ട്.
പരീക്ഷകൾ മാറ്റിവച്ചതോടെ അവസാന നിമിഷത്തിലെ പരിശ്രമങ്ങൾക്ക് അവസരം നഷ്ടമായതായാണ് ചില വിദ്യാർഥികളുടെ പ്രതികരണം. ഷാർജയിലെ ഒരു സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി തഹാനി ഹാഷിർ പറഞ്ഞത്, ഫൈനൽ പരീക്ഷയിൽ മികച്ച മാർക്ക് നേടാമെന്ന പ്രതീക്ഷയിലായിരുന്നു തങ്ങൾ കഠിനമായി തയ്യാറെടുത്തതെന്നും ഇപ്പോഴത്തെ തീരുമാനം വലിയ നിരാശയുണ്ടാക്കിയെന്നും ആണ്. പ്രത്യേകിച്ച് സയൻസ് വിഭാഗം വിദ്യാർഥികൾക്കാണ് ഈ മാറ്റം കൂടുതൽ ആശങ്ക സൃഷ്ടിച്ചത്. പരീക്ഷകൾക്ക് പിന്നാലെ ഇന്ത്യയിൽ മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് കോച്ചിങ്ങിനായി പോകാനിരുന്ന പലരും ഇപ്പോൾ അന്തിമ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.
പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതിൽ ആശ്ചര്യവും നിരാശയും തോന്നിയെന്ന് ചില വിദ്യാർഥികൾ പറയുന്നു. ഒരു വർഷം മുഴുവൻ നടത്തിയ പരിശ്രമത്തിന്റെ ഫലം പരീക്ഷയിലൂടെ തെളിയിക്കാനായില്ലെന്ന സങ്കടമുണ്ടെങ്കിലും നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് അധികൃതരുടെ തീരുമാനം അംഗീകരിക്കുന്നതായാണ് പലരുടെയും പ്രതികരണം. അതേസമയം പരീക്ഷകൾ മാറ്റിവെച്ചതോടെ പഠനക്രമത്തിലും ഭാവി പദ്ധതികളിലും ആശയക്കുഴപ്പം ഉണ്ടായതായി വിദ്യാർഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. സാഹചര്യങ്ങൾ സാധാരണ നിലയിലായാൽ പരീക്ഷാ കലണ്ടറിനെക്കുറിച്ച് വ്യക്തമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്
കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.
പ്രധാന ഭേദഗതികൾ:
ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.
മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.
സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.
സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.
തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.
നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd